തൊടുപുഴ: മൂവാറ്റുപുഴ-പുനലൂര്‍ സംസ്ഥാന പാതയോരത്ത് സ്ഥാപിച്ചിരുന്ന സോളാര്‍ വഴിവിളക്ക് നശിപ്പിച്ചതായി പരാതി ഉയരുന്നു.
പാതയിലെ വെങ്ങല്ലൂര്‍-കോലാനി ബൈപാസിൽ വസ്ത്രവ്യാപാര ശാലയ്ക്കു സമീപമുണ്ടായിരുന്ന സോളാര്‍ വഴിവിളക്കാണ് പോസ്റ്റ് സഹിതം നശിപ്പിച്ചത്. ഇതിന്റെ അവശിഷ്ടങ്ങള്‍ ഇവിടെ കൂട്ടിയിട്ടിട്ടുണ്ട്. ഇതു റോഡിലൂടെ ആക്രിപെറുക്കി നടക്കുന്നവര്‍ കൈവശപ്പെടുത്തുകയും ചെയ്യും. ഇതോടെ തെളിവുകളും ഇല്ലാതാകും. എന്നാല്‍ പോസ്റ്റിന്റെ ചുവടുഭാഗം നശിപ്പിക്കാനായിട്ടില്ല. ഇതു തെളിവായി ഇവിടെ അവശേഷിക്കുന്നുണ്ട്.
സംസ്ഥാനപാതയുടെ നിര്‍മാണം പൂര്‍ത്തിയായ മുറയ്ക്കാണ് ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് പാതയില്‍ സോളാര്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചത്. ഇതില്‍ പലതും നിലവില്‍ ഉപയോഗശൂന്യമാണ്. വാഹനം ഇടിച്ചും മറ്റും പല വിളക്കുകള്‍ക്കും നാശം സംഭവിച്ചിരുന്നു.
ചില സ്ഥാപനങ്ങള്‍ തങ്ങളുടെ പാര്‍ക്കിംഗ് സൗകര്യം വര്‍ധിപ്പിക്കുന്നതിനു പോസ്റ്റ് തടസമായതിനാല്‍ ഇവ നശിപ്പിക്കുന്ന പ്രവണതയുമുണ്ട്. ഇതിനു ചിലരുടെ ഒത്താശകൂടി ലഭിക്കുന്നതോടെ പൊതുജനങ്ങളും യാത്രക്കാരും ദുരിതമനുഭവിക്കേണ്ട അവസ്ഥയാണുള്ളത്.